ഹെക്ടർ എസ്‍യുവിയുടെ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കുന്നതും കാത്തിരിക്കുന്ന തങ്ങളുടെ ആരാധകർക്ക് മുന്നിൽ ഹെക്ടറിന് മുന്നോടിയായി ഗ്ലോസ്റ്റർ എസ്‍യുവിയുടെ പുതിയ പതിപ്പ് പുറത്തിറക്കാൻ എംജി മോട്ടോർ ഒരുങ്ങുന്നു. 2020-ൽ ഇന്ത്യയിൽ അവതരിപ്പിച്ച മൂന്ന്-വരി ഗ്ലോസ്റ്റർ എസ്‍യുവിയിൽ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) സവിശേഷതകളോടെയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ കോംപാക്റ്റ് എസ്‍യുവി മോഡൽ ആസ്റ്ററിൽ നൽകുന്ന അതേ ADAS സവിശേഷതകൾ പുതിയ ഗ്ലോസ്റ്ററിൽ എംജി ചേർക്കാൻ സാധ്യതയുണ്ട്. പുതിയ ADAS ഫീച്ചറുകളോടെ ഏഴ് സീറ്റുമായാണ് ഗ്ലോസ്റ്റർ എത്തുന്നത്.
ADAS സവിശേഷതകളുമായി പുതിയ ഗ്ലോസ്റ്റർ എസ്‍യുവി ഓഗസ്റ്റ് 31 ന് ലോഞ്ച് ചെയ്യുമെന്നാണ് എംജി മോട്ടോർ അറിയിച്ചിരിക്കുന്നത്. എംജി ഗ്ലോസ്റ്റർ സെവൻ സീറ്റർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 37.28 ലക്ഷം(എക്‌സഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കിയിരുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേർഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് തുടങ്ങിയ സുരാക്ഷാ സംവിധാനങ്ങളുടെ ഒരു ശ്രേണി തന്നെ ഉൾപ്പെടുന്ന ചില ADAS ഫീച്ചറുകൾ ഗ്ലോസ്റ്റർ ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആദ്യ പതിപ്പിലെ 2.0 ലിറ്റർ ട്വിൻ-ടർബോ മോട്ടോർ തന്നെ പുതിയ പതിപ്പിലും നിലനിർത്താനാണ് സാധ്യത. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന് 218 PS പവറും 480 Nm ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. സ്‌നോ, സാന്റ്, മഡ്, റോക്ക്, സ്‌പോർട്ട്, ഇക്കോ, ഓട്ടോ എന്നിങ്ങനെ 7 വ്യത്യസ്ത 4X4 ഡ്രൈവിംഗ് മോഡുകളും ഗ്ലോസ്റ്റർ എസ്‍യുവി വാഗ്ദാനം ചെയ്യുന്നു. ഹൈ-എന്റ് സുരക്ഷാ ഫീച്ചറുകൾ കൂടാതെ, ഡ്രൈവർ സീറ്റ് മസാജ് ഫംഗ്ഷൻ, ഹീറ്റഡ് ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, 70-ലധികം കണക്ഷൻ സംവിധാനങ്ങളുള്ള isSmart ഫംഗ്ഷനോടു കൂടിയ വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ മികച്ച ഫീച്ചറുകൾ പുതിയ ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് പനോരമിക് സൺറൂഫും ഉണ്ട്.















