ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് സുരേഷ് ഗോപിയെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. ‘ഡോൾഫിൻസ്’ എന്ന തന്റെ ചിത്രം നിന്നുപോകുന്ന അവസ്ഥയിൽ സാമ്പത്തികമായി സഹായിച്ചത് സുരേഷ് ഗോപി ആണെന്ന് അനൂപ് മേനോൻ പറഞ്ഞു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ ഇക്കാര്യം പറഞ്ഞത്.
“ഡോൾഫിൻസ് എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം”. അനൂപ് മേനോൻ പറഞ്ഞു.
നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന് ആയേനെ സുരേഷ് ഗോപി എന്നും അനൂപ് മേനോൻ പറഞ്ഞു.
അതേസമയം, ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്ന സുരേഷ് ഗോപി ബോക്സ് ഓഫീസിൽ ശക്തമായ സാന്നിദ്ധ്യമാകുകയാണ്. ശരാശരി വിജയം നേടിയ നിഥിൻ രൺജി പണിക്കർ ചിത്രം കാവലിന് ശേഷം വന്ന ജോഷി ചിത്രം പാപ്പൻ അൻപത് കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ഓണക്കാലത്തും മിക്ക കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനായി ഗംഭീരമായ പകർന്നാട്ടമാണ് സുരേഷ് ഗോപി നടത്തുന്നത്.
Comments