ന്യൂഡൽഹി: നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. 2021ൽ പണി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി 2022ലാണ് തീർക്കാനായത്. ഇന്ത്യാ ഗേറ്റിനും വിജയ് ചൗക്കിനും ഇടയിലുള്ള രജ്പഥിന്റെ 1.8 കിലോമീറ്റർ ദൂരത്തിൽ വിസ്ത അവന്യൂ വ്യാപിച്ചു കിടക്കുന്നു.
നാല് കാൽനട പാത, എട്ട് ബ്ലോക്കുകൾ, രജ്പഥിന്റെ റിലേയിംഗ്, കനാലുകൾ മെച്ചപ്പെടുത്തൽ,16 ചെറു പാലങ്ങൾ , ഭൂഗർഭ യൂട്ടിലിറ്റി ഡക്‌ടുകൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
ജനുവരിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പുതിയതായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചതിനാൽ അവ പുതുക്കി സ്ഥാപിക്കാൻ സമയം കൂടുതലെടുക്കേണ്ടി വന്നു. വിസ്ത അവന്യൂവിലെ പുൽത്തകിടികൾ പുനർനിർമ്മിക്കുകയും രജ്‌പഥിലെ പുൽത്തകിടികൾക്ക് കുറുകെയുള്ള പാതകൾ ചുവപ്പ് ഗ്രാനൈറ്റ് വിരിക്കേണ്ടി വന്നിരുന്നു. രാജ്പഥിലെ പൈതൃക ലൈറ്റ് തൂണുകളും പുൽത്തകിടികളിലും കനാലുകൾക്കു സമീപവുമുള്ള ഭാഗത്ത് പുതിയ ലൈറ്റുകൾ സ്ഥാപിച്ചു എന്ന് സിപിഡബ്ല്യുഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നവീകരിച്ച വിസ്ത അവന്യു സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കുകയാണെന്നാണ് സൂചന. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Comments