ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി ഉടൻ എൻഡിഎയിലേയ്‌ക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങളെ തള്ളി ബിജെപി. ആന്ധ്ര ബിജെപിയുടെ സഹ ചുമതലയുളള സുനിൽ ദിയോധർ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ടിഡിപി-ബിജെപി സംഖ്യം എന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കി. ടിഡിപി നേതാക്കൾ ബിജെപിയുമായുള്ള പുനഃസംഘടനയെക്കുറിച്ച് ബോധപൂർവം അഭ്യൂഹങ്ങൾ പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആസാദി കാ അമൃത് മഹോത്സവ് ദേശീയ സമിതി യോഗത്തിൽ ചന്ദ്രബാബു നായിഡുവുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആശയവിനിമയമാണ് തെലുങ്കുദേശം പാർട്ടി ഉടൻ എൻഡിഎയിലേയ്‌ക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ശ്രീകൃഷ്ണനും ദുര്യോധനനെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ കൈകോർത്തില്ല എന്നാണ് മോദി-ചന്ദ്രബാബു കൂടിക്കാഴ്ചയെപ്പറ്റി സുനിൽ ദിയോധർ പ്രതികരിച്ചത്.
വാർത്ത തെറ്റും അടിസ്ഥാനരഹിതവുമാണ്. സഖ്യം തീരുമാനിച്ചത് കേന്ദ്ര പാർലമെന്ററി ബോർഡാണ്. ഒരു യോഗവും നടന്നിട്ടില്ല. ഈ വാർത്ത എങ്ങനെ ശരിയാകും, സഖ്യത്തിന് ഒരു സാധ്യതയുമില്ല. ടിഡിപി നേതാക്കൾ വിദഗ്ധരാണ്. ഡൽഹിയിൽ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് ഉണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി ആസാദി കാ അമൃത് മഹോത്സവത്തിൽ കക്ഷിരാഷ്‌ട്രീയം മാറ്റിവെച്ച് എല്ലാ പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. ആ യോഗത്തിൽ അദ്ദേഹം ഫാറൂഖ് അബ്ദുള്ളയെയും ചന്ദ്രബാബു നായിഡുവിനെയും കണ്ടു. അതിന്റെ അർത്ഥം സഖ്യം ഉണ്ടാകുന്നു എന്നല്ല എന്ന് സുനിൽ ദിയോധർ പറഞ്ഞു.
പ്രധാനമന്ത്രി എല്ലാവർക്കും കൂടിക്കാഴ്ചയ്‌ക്ക് സമയം നൽകുന്നു. ശ്രീകൃഷ്ണൻ പോലും ദുര്യോധനന് കൂടിക്കാഴ്ചയ്‌ക്ക് സമയം നൽകിയിരുന്നു. അതിനർത്ഥം അവർ തമ്മിൽ സഖ്യം ഉണ്ടായിരുന്നു എന്നല്ല. അത്തരം യോഗങ്ങളെ രാഷ്‌ട്രീയ കോണിൽ നിന്ന് നോക്കി കാണുന്നതാണ് തെറ്റെന്ന് സുനിൽ ദിയോധർ വ്യക്തമാക്കി. വൈഎസ്ആർസിപിയെയും ടിഡിപിയെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രതീകമായാണ് ബിജെപി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments