സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. സുരേഷ് ഗോപി ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തു വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് മൂസ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുക. അതിനാൽ തന്നെ താരത്തിന്റെ മറ്റൊരു മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഒരു ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മൂസ ഉടൻ തന്നെ നിങ്ങളുടേതാകും, ആവേശകരമായ ചില അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടു കൂടി പോസ്റ്റർ സുരേഷ് ഗോപിയും പങ്കുവെച്ചിട്ടുണ്ട്.
സിനിമയിലെ രണ്ട് മനോഹരമായ ഗാനങ്ങൾ അണിയറ പ്രവർത്തകർ ഇതിന് മുമ്പ് പുറത്തുവിട്ടിരുന്നു. മലപ്പുറംകാരനായ മൂസയായി സുരേഷ് ഗോപി വേഷം ഇടുമ്പോൾ പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നു.
കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പൂഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സിനിമ ചിത്രീകരിച്ചിരുന്നു. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’.1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. കോൺഫിഡൻ്റ് ഗ്രൂപ്പും തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Comments