അംബാല: പ്രായപൂർത്തിയാകാത്ത മകളെ ഏഴു വർഷം പീഡിപ്പിച്ച പിതാവ് ഹരിയാനയിലെ അംബാല പോലീസിന്റെ പിടിയിൽ. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ 17 വയസ്സുള്ള മകൾ നൽകിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
17-കാരി അംബാല കന്റോൺമെന്റിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.കുട്ടിയെ 10 വയസ് മുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി പോലീസിനെ അറിയിച്ചു. ചണ്ഡീഗഢിൽ ഒരു ബന്ധുവിനെ കാണാനെത്തിയപ്പോഴാണ് പിതാവ് ആദ്യമായി പീഡനത്തിനിരയാക്കിയതെന്നും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പരാതിയിലുണ്ട്. മറ്റുള്ളവരോട് പറഞ്ഞാൽ തന്നെയും അമ്മയെയും ചുട്ടുകൊല്ലുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
പിതാവിന്റെ ചൂഷണം തുടർന്നപ്പോൾ ബന്ധുവിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തി.തുടർന്ന് ബന്ധുക്കൾ സ്‌കൂൾ അധികൃതരെ അറിയിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ചൈൽഡ്ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിംഗ് നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി അംബാല പോലീസ് വ്യക്തമാക്കി. അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പോലീസ് അറിയിച്ചു. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ പിതാവിനെ റിമാൻഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
Comments