ശ്രീനഗർ: കോൺഗ്രസിൽ നിന്നും രാജി വെച്ച് പുതിയ പാർട്ടി രൂപീകരിക്കാനുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ തീരുമാനം ജമ്മു കശ്മീർ രാഷ്‌ട്രീയത്തെ എത്തിച്ചിരിക്കുന്നത് സുപ്രധാന വഴിത്തിരിവിൽ. കശ്മീർ മുസ്ലീങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് ആസാദ്. അദ്ദേഹത്തിന്റെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം കോൺഗ്രസിനെ മാത്രമല്ല, നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും മറ്റ് ചെറുപാർട്ടികളെയും ഒന്നാകെ വിഴുങ്ങാൻ പോകുന്നതാണ്.
കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പിഡിപിക്കും പുറമെ സജാദ് ലോണിന്റെ പീപ്പിൾസ് കോൺഫറൻസ്, അൽത്താഫ് ബുഖാരിയുടെ അപ്നി പാർട്ടി എന്നിവയ്‌ക്കും കനത്ത ഭീഷണിയാണ് ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. ഗുപ്കർ സഖ്യത്തിന് പുറത്ത് പോയ നാഷണൽ കോൺഫറൻസിന്റെ രാഷ്‌ട്രീയ ചരമക്കുറിപ്പായിരിക്കും ആസാദിന്റെ പുതിയ പാർട്ടിയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ആസാദിന്റെ പുതിയ പാർട്ടി, മുസ്ലീം വോട്ട് ബാങ്കുകളിൽ ഭിന്നിപ്പ് ഉണ്ടാക്കും എന്നത് വ്യക്തമാണ്. ചിനാബ് താഴ്വരയിലെയും പീർ പാഞ്ചൽ മേഖലയിലെയും മുസ്ലീം വോട്ടുകളിൽ കൃത്യമായ സ്വാധീനം ചെലുത്താൻ ആസാദിന്റെ പാർട്ടിക്ക് സാധിക്കും എന്നാണ് കണക്ക് കൂട്ടൽ. ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി കോൺഗ്രസിനും, ഒരിക്കലും പരിഹരിക്കാനാകാത്ത നഷ്ടമായിരിക്കും വരുത്തി വയ്‌ക്കുക. അതേസമയം ബിജെപിയുടെ വോട്ടുകളിൽ യാതൊരു തരത്തിലുള്ള സ്വാധീനവും ചെലുത്താൻ ആസാദിന്റെ പാർട്ടിക്ക് സാധിക്കില്ല എന്നതും വ്യക്തമാണ്.
Comments