ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിച്ചിരുന്നതായി ആരോപണം. ബിജെപി എം എൽ എ വിജേന്ദർ ഗുപ്തയാണ് ആരോപണം ഉന്നയിച്ചത്. ഡൽഹി ലെഫ്റ്റ്നൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്കെതിരായ പ്രതിഷേധത്തിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിക്കുന്നത് താൻ കണ്ടു എന്നാണ് ഗുപ്ത അവകാശപ്പെടുന്നത്.
ഡൽഹി നിയമസഭയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി എം എൽ എ ആവശ്യപ്പെട്ടു. അഴിമതി നടത്തിയ ശേഷം അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയാണ്. ജനശ്രദ്ധ തിരിക്കാൻ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കി ആം ആദ്മി പാർട്ടി നേതാക്കൾ നാടകം കളിക്കുകയാണെന്നും ഗുപ്ത ആരോപിച്ചു.
നിയമസഭയിൽ പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ ഡൽഹിയിലുണ്ട്. കുടിവെള്ള ക്ഷാമം, മലിനീകരണം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സഭയിൽ ചർച്ച ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളൊന്നും ചർച്ചയ്ക്കെടുക്കാൻ സർക്കാർ തയ്യാറല്ല. മദ്യകുംഭകോണം നടത്തുന്നവർ നിയമസഭയെ മദ്യശാലയാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
















Comments