കൊച്ചി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നാവികസേനയ്‌ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും. ഇതോടൊപ്പം ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ സമുദ്രാർത്തികൾക്ക് കവചമായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിലൊന്നായി ഇന്ത്യ മാറും.
20,000 കോടിരൂപ ചെലവഴിച്ചാണ് ഭാരതത്തിന്റെ അഭിമാനമായ പടകപ്പൽ നിർമ്മിച്ചിരിക്കുന്നത്. കപ്പലിന്റെ കമ്മീഷനിംഗ് വലിയ ആഘേഷമാക്കാനാണ് തീരുമാനം. കൊച്ചി കപ്പൽ ശാലയിൽ എത്തുന്ന പ്രധാനമന്ത്രിയെ 150 അംഗ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർ കമ്മഡോർ വിദ്യാധർ ഹാർകെ കമ്മിഷനിംഗ് വാറന്റ് വായിച്ച ശേഷം പ്രധാനമന്ത്രി കപ്പലിനുള്ളിൽ പ്രവേശിക്കും. യുദ്ധകപ്പലിന്റെ മുൻവശത്തെ ഡെക്കിൽ ദേശീയ പതാകയും പിൻവശത്തെ ഡെക്കിൽ പുതിയ സൈനിക പതാകയും പ്രധാനമന്ത്രി ഉയർത്തും. വിക്രാന്തിൽ സ്ഥാപിച്ചിട്ടുള്ള കമ്മീഷനിംഗ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷമാകും പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുക.
76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് ഫുട്ബോൾ ഗ്രൗണ്ടിനു സമാനമായി ഫ്ലൈറ്റ് ഡെക്കുള്ള രാജ്യത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഭാരതത്തിന്റെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. ആ പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമ്മിച്ച പടക്കപ്പലിനും അതേ പേര് നൽകിയത്.
30 എയർ ക്രാഫ്റ്റുകൾ ഒരു സമയം നിർത്തിയിടാൻ സാധിക്കുന്ന ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ സേനയുടെ ശക്തി വർദ്ധിപ്പിക്കുകയും നാവികസേനയുടെ ആക്രമണ, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. തദ്ദേശിയമായി വിമാന വാഹിനികപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇതോടെ ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ഭാരതീയർ.
Comments