മുംബെെ: സവർക്കറായുള്ള വേഷപ്പകർച്ചയ്ക്കായി ഭാരം കുറച്ച് ബോളിവുഡ് താരം രൺദീപ് ഹൂഡ. 18 കിലോയാണ് തന്റെ കഥാപാത്രത്തിനായി താരം കുറച്ചിരിക്കുന്നത്. ഭാരം കുറച്ചതിന് ശേഷമുള്ള രൺദീപ് ഹൂഡയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമൂഹമാദ്ധ്യമത്തിൽ രൺദീപ് ഹൂഡ തന്നെയാണ് പുതിയ ചിത്രം പങ്കുവെച്ചത്. സവർക്കറുടെ കഥാപാത്രത്തിനായി നല്ലപോലെ ഭാരം കുറയ്ക്കുമെന്ന് രൺദീപ് ഹൂഡ നേരത്തെ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരം കുറച്ചതിന് പിന്നാലെയുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യസമര നായകരിൽ ഏറെ പ്രാധാന്യമുള്ള ഒരാളാണ് സവർക്കർ എന്ന് രൺദീപ് ഹൂഡ പറഞ്ഞു.
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നിരവധി നായകന്മാരിൽ പലർക്കും അർഹിക്കുന്ന പ്രാധാന്യമില്ല. ഇതിന് ഉദാഹരണമാണ് സവർക്കർ. ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന മഹാനാണ് സവർക്കർ. അദ്ദേഹത്തെപ്പോലെയുള്ള ധീര പുരുഷന്മാരുടെ കഥകൾ പുറം ലോകം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണിലാണ് സവർക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Comments