കൊച്ചി: ആക്ഷൻസൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം മേ ഹൂം മൂസയുടെ ട്രെയിലർ പുറത്തിറങ്ങി.കോൺഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രം ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തുന്നത്.
വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രയ്ലർ നൽകുന്ന സൂചന.രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന,സേവിക്കുന്ന ഒരു കഥാപാത്രം,അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
‘മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.ഭാരതത്തിന്റെ അഖണ്ഡതക്ക് വിവിധ കോണുകളിൽ ചോദ്യ ചിഹ്നമായി ഉയരുന്ന ജൽപ്പനങ്ങൾക്ക് അറുതിവരുത്തുവാൻ മൂസയ്‌ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കു ന്നതാണ് ട്രെയിലർ.
വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. 1900ത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്. യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
വാഗാ ബോർഡറില് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസയ്‌ക്കുണ്ട്.
കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.















