കൊച്ചി: വിജി തമ്പിയുടെ സംവിധാനത്തിൽ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായെത്തിയ സിനിമയാണ് സത്യമേവ ജയതേ. 2000 ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം തിയേറ്ററുകൾ ഇളക്കിമറിച്ചിരുന്നു. നീതിമാനായ പോലീസ് ഓഫീസറായി എത്തിയ ചന്ദ്രചൂഡൻ എന്ന സുരേഷ് ഗോപി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി സുരേഷ് ഗോപിയോടും സംവിധായകൻ വിജി തമ്പിയോടും പ്രേക്ഷകർ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. ഒടുവിൽ പുതിയ രൂപത്തിലും ഭാവത്തിലും ചന്ദ്രചൂഡൻ എത്തുമെന്ന പ്രതീക്ഷ പങ്കുവെയ്‌ക്കുകയാണ് വിജി തമ്പി.
സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്നും അദ്ദേഹം അഭിപ്രായങ്ങൾ തേടിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സംവിധായകൻ പ്രേക്ഷക പ്രതികരണം തേടിയിരിക്കുന്നത്. സുരേഷ് ഗോപി കാക്കിയണിഞ്ഞ് എത്തുന്നതും കാത്തിരിക്കുന്ന ആരാധകർ ഇരുകയ്യും നീട്ടിയാണ് വിജി തമ്പിയുടെ പ്രഖ്യാപനം സ്വീകരിച്ചത്.
അധികം വൈകാതെ തന്നൈ അധോലോകത്തെ കിങ്കരന്മാരെയും അഴിമതിക്കാരെയും തുടച്ചുനീക്കാൻ ചന്ദ്രചൂഡൻ എത്തുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.















