പെർത്ത്: ഓസീസ് നായകൻ ആരൺ ഫിഞ്ച് അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ നിന്നുളള വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം വിരമിക്കുമെന്ന് ആദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയയുടെ 24ാമത് പുരുഷ ഏകദിന ക്യാപ്റ്റനാണ് ആരോൺ ഫിഞ്ച്.
അടുത്ത മാസം ഓസ്‌ത്രേല്യയിൽ നടക്കുന്ന ടി20 ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ ഫിഞ്ച് ടീമിനെ നയിക്കും. ഞായറാഴ്ച കാസാലിസ് സ്റ്റേഡിയത്തിൽ ഫിഞ്ച് തന്റെ 146ാമത്തെയും അവസാനത്തെയും ഏകദിനം കളിക്കും. നവംബറിൽ 36 വയസ്സ് തികയുന്ന ഫിഞ്ച് ഏകദിനത്തിൽ 54 തവണ ഓസീസിനെ നയിച്ചിട്ടുണ്ട്.
ഇതുവരെ 17 സെഞ്ച്വറികൾ ദേശീയ ടീമിനായി നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്‌ക്ക് വേണ്ടി റിക്കി പോണ്ടിംഗ് (29), ഡേവിഡ് വാർണർ, മാർക്ക് വോ (ഇരുവരും 18) എന്നിവരാണ് ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുളളത്. ഈ സീസണിലെ 50 ഓവർ ഫോർമാറ്റിൽ തന്റെ അവസാന ഏഴ് ഇന്നിംഗ്സുകളിൽ കുറഞ്ഞ സ്‌കാർ ആണ് ഫിഞ്ച് നേടിയത്. അതിനിടെയാണ് അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനമുണ്ടായത്. ശനിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ ഫിഞ്ച് പറഞ്ഞു, ‘അടുത്ത ഏകദിന ലോകകപ്പിന് തയ്യാറെടുക്കാനും വിജയിക്കാനുമുള്ള ഏറ്റവും മികച്ച അവസരം ഒരു പുതിയ നേതാവിന് നൽകാനുള്ള സമയമാണിത്’.
Comments