ഇതിഹാസ കൃതിയായ മഹാഭാരതം ഇനി സ്വീകരണ മുറികളിലേക്ക്. മഹാഭാരതത്തിന്റെ വെബ് സീരീസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. അമേരിക്കയിൽ നടന്ന ഡി23 ഡിസ്‌നി ഫാൻ ഇവന്റിലായിരുന്നു പ്രഖ്യാപനം. സീരീസ് 2024 ൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
ബോളിവുഡ് നിർമാതാവ് മധു മന്റേനയുടെ മിത്തോവേർസ് സ്റ്റുഡിയോസ്, നടൻ അല്ലു അർജുന്റെ പിതാവിന്റെ നിർമാണ കമ്പനിയായ അല്ലു എന്റർടെയ്മെന്റ് എന്നിവർ ചേർന്നായിരിക്കും സീരിസ് നിർമിക്കുക. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യൻ ഇതിഹാസങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. മഹാഭാരതം ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഇതിഹാസമാണ്. എന്നാൽ ഇന്നും ഇതിന് പ്രസക്തിയുണ്ടെന്നും പ്രഖ്യാപന വേളയിൽ മധു മന്റേന പറഞ്ഞു.
സീരീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ അഭിനേതാക്കളെ പറ്റിയും സീരീസിനെപ്പറ്റിയുമുള്ള വിശദവിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിടും. അതേസമയം 1988ൽ മഹാഭാരതത്തെ ആസ്പദമാക്കി ബി.ആർ. ചോപ്ര ഒരുക്കി ദൂരദർശനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ പരമ്പര അക്കാലത്ത് സൂപ്പർഹിറ്റായിരുന്നു. പിന്നാലെ സിദ്ധാർഥ് കുമാറും മഹാഭാരതം ടെലിവിഷൻ പരമ്പര നിർമിക്കുകയുണ്ടായി. 2014 ലായിരുന്നു ഇത്. ഈ പരമ്പര ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.















