വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിഖിൽ സിദ്ധാർഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത കാർത്തികേയ 2. ചിത്രം ഇതിനോടകം നേടിയത് 120 കോടിയാണ്. ഹിന്ദി പതിപ്പിൽ മാത്രം 30 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്തപ്പോൾ വെറും 53 ഷോകൾ മാത്രമാണ് കാർത്തികേയ 2-ന് ഉണ്ടായിരുന്നുള്ളൂ എങ്കിൽ 30 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിനുള്ളത് 1000-ലധികം ഷോകളാണ്. സിനിമയുടെ വലിയ വിജയത്തിന് നന്ദി അറിയിച്ച് അഭിനേതാക്കളും അണിയറ പ്രവർത്തകരും രംഗത്തു വന്നു. ‘ഇതിഹാസ ബ്ലോക്ക്ബസ്റ്റർ! എന്തും സംഭവിക്കാം! ശ്രീകൃഷ്ണ ഭഗവാന് സ്തുതി’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നടൻ അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
തെലുങ്കിൽ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ കാർത്തികേയ 2 ഉടനെ മലയാളത്തിലും റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 23-നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തുക. മിസ്റ്ററി അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രം 2014-ൽ പുറത്തിറങ്ങിയ കാർത്തികേയയുടെ സീക്വൽ ആണ്. ചന്ദു മൊണ്ടെട്ടി തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിച്ചത്. ചെറിയ ബജറ്റിൽ വന്ന് മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എട്ട് വർഷത്തിന് ശേഷം പുറത്തിറക്കുമ്പോൾ തെലുങ്ക് സിനിമാ ലോകത്തിന് പോലും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നായകൻ നിഖിൽ സിദ്ധാർഥയ്ക്ക് പറയത്തക്ക ആരാധകരോ കുടുംബ പ്രേക്ഷകരുടെ പിന്തുണയോ ഇല്ല എന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് കാർത്തികേയ 2 വലിയ വിജയം സ്വന്തമാക്കിയത്.
മലയാളി താരം അനുപമ പരമേശ്വരനാണ് കാർത്തികേയ 2-ലെ നായിക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തിന്റെ ഭാഗമാകുന്നു. നിഖിൽ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവർ ചേർന്നാണ് കാർത്തികേയ 2 നിർമ്മിച്ചിരിക്കുന്നത്. സിനിമ വരും ആഴ്ചകളിൽ കേരളത്തിൽ കൂടി പ്രദർശനത്തിനെത്തുന്നതോടെ ആഗോള കളക്ഷനിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.
Comments