തായ്‌പേയ്: അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. 17 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ സമീപത്ത് പറക്കുന്നുണ്ടെന്നും അതിർത്തി രേഖകൾ മറികടന്ന് ചൈന സൈനിക നീക്കം നടത്തുന്നുവെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ പ്രകോപനം ആശങ്കജനകമാണെന്നും തായ്‌വാൻ പ്രതികരിച്ചു.
കഴിഞ്ഞ മാസം യു എസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചതു മുതൽ തായ്വാന് ചുറ്റും ചൈന സൈനിക പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. റഷ്യയും ചൈനയും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുത്തും ചൈന നടത്തുന്ന സൈനിക നടപടിയുടെ അടിസ്ഥാനത്തിലും തായ്‌വാൻ നേരിടേണ്ടിവരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം ആശങ്ക പങ്കുവെച്ചു. പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് തായ്വാന് പിന്തുണ അറിയിച്ചത്. ഇത് ചൈനയെ വീണ്ടും പ്രകോപിപ്പിച്ചു.
തായ്‌വാൻ കടലിടുക്കിലെ സംഘർഷാവസ്ഥ ആസിയാൻ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങൾ വരുത്തി വെയ്‌ക്കുമെന്ന് ആസിയാൻ രാജ്യങ്ങൾ വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയടക്കം അംഗമായ 27 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തായ്വാനുമായുള്ള സംഘർഷത്തിൽ വിവേകം കാണിക്കണമെന്ന് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
Comments