കോട്ടയം: വൈക്കത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മുളക്കുളം പഞ്ചായത്തിലാണ് രാവിലെ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷം വെച്ച് കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
12 ഓളം നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടത്.
കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നീ ഭാഗങ്ങളിലാണ് നായ്ക്കളെ കണ്ടത്. പിന്നീട് ഇവയെ നാട്ടുകാർ തന്നെ കുഴികുത്തി മറവ് ചെയ്തു. മറ്റെന്തെങ്കിലും അസുഖം ബാധിച്ചാണോ നായ്ക്കൾ കൂട്ടത്തോടെ ചത്തതെന്നും സംശയിക്കുന്നുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം, ഉപദ്രവകാരികളല്ലാത്ത നായ്ക്കളെ കൊലപ്പെടുത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നാണ് മൃഗസ്നേഹികൾ പറയുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചായത്തിൽ തെരുവ് നായയുടെ ശല്യം അതി രൂക്ഷമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ഓളം പേരെ നായ്ക്കൾ കടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.
Comments