ഭോപ്പാൽ : അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരുമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഉമാ ഭാരതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പേരിൽ ഇരു സമുദായക്കാരും പരസ്പരം അപമാനിക്കരുത് എന്നും അവർ ആവശ്യപ്പെട്ടു.
അയോദ്ധ്യ, കാശി, മഥുര പോലുള്ള പുണ്യ നഗരങ്ങളാണ് രാജ്യത്ത് ഐക്യം കൊണ്ടുവരിക. ഈ പുണ്യനഗരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കാത്തിടത്തോളം കാലം നമുക്ക് രാജ്യത്ത് സമാധാനമായി ജീവിക്കാൻ സാധിക്കില്ല. കാരണം ഈ സ്ഥലങ്ങൾ നമ്മെ എപ്പോഴും അക്രമികളുടെ അധിനിവേശത്തെക്കുറിച്ച് ഓർപ്പിച്ചുകൊണ്ടേയിരിക്കും. ഹൃദയത്തെ വേദനിപ്പിക്കുന്നതും രോഷം ഉയർത്തുന്നതുമായ ഇത്തരം കാര്യങ്ങൾ ഒരിക്കലും നിലനിൽക്കാൻ അനുവദിക്കരുത്.
ഇന്ന് കാശിയിലും മഥുരയിലും ദർശനം നടത്തുന്ന ഭക്തർ വേദനയോടെയാണ് മടങ്ങുന്നത്. വളരെ സമാധാനത്തോടെയാണ് അയോദ്ധ്യയിൽ ഇന്ന് ശ്രീരാമക്ഷേത്രം പണിയുന്നത് എന്നും ഉമാ ഭാരതി വ്യക്തമാക്കി. നിങ്ങളുടെ ഹർജികളിൽ വാദം കേൾക്കാൻ കോടതി തയ്യാറായതിൽ സന്തോഷിക്കണമെന്നും മറ്റുളളവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒരിക്കലും ചെയ്യരുത് എന്നും ബിജെപി നേതാവ് നിർദ്ദേശിച്ചു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അക്രമം സൃഷ്ടിക്കുന്ന രാഷ്‌ട്രീയമാണ് കോൺഗ്രസ് എക്കാലത്തും നടപ്പിലാക്കിയിരുന്നത്. അവർ രാജ്യത്തെ തകർത്തുകൊണ്ടേയിരുന്നു. അങ്ങനെയുള്ള ഒരു പാർട്ടിക്ക് എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കാനാകും എന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ചുകൊണ്ട് ഉമാ ഭാരതി പറഞ്ഞു.
















Comments