ന്യൂഡൽഹി: ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് സംഘർഷം ഉണ്ടാക്കിയതിന് ശേഷം നടക്കുന്ന ആദ്യ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളുടെയും തലവന്മാർ പങ്കെടുക്കും. കൊറോണയ്‌ക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തകളിൽ ശക്തമായ സംഘർഷം നിലനിന്നിരുന്നു. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗും പങ്കെടുക്കും.
ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളോടൊപ്പം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പങ്കെടുക്കും. 2020ൽ ലഡാക്ക് അതിർത്തിയിൽ ചൈന നടത്തിയ അക്രമത്തെ ഇന്ത്യ ശക്തമായി നേരിടുകയും ചൈനക്കെതിരെ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
നിരവധി ചൈനീസ് മൊബൈൽ ആപ്പുകളും, വസ്തുക്കളും ഇന്ത്യയിൽ നിരോധിക്കുകയും ശക്തമായ സാമ്പത്തിക പ്രതിരോധം ചൈനയ്‌ക്ക്മേൽ ഇന്ത്യ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ഉരുത്തിരിയുന്ന വിഷയങ്ങൾ വ്യകതമല്ലെങ്കിലും അതിർത്തി സംരക്ഷണം ഉൾപ്പെടുന്ന വിഷയങ്ങളിൽ ഇന്ത്യ കൃത്യമായ നിലപാട് അറിയിക്കുമെന്നാണ് സൂചന. ഉച്ചകോടിയിൽ ഷീയുമായി മോദി തനിച്ച് കൂടിക്കാഴ്ച നടത്തില്ലെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.
Comments