ചണ്ഡീഗഡ്: പഞ്ചാബിലെ രാഷ്‌ട്രീയ ഭൂമികയിൽ നിന്ന് വൻ വാർത്തകളാണ് പുറത്തു വരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചേക്കും. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച ക്യാപ്റ്റൻ സെപ്റ്റംബർ 19-ന് ബിജെപിയിൽ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പുറമെ പഞ്ചാബിലെ ഏഴോളം മുൻ എംഎൽഎമാരും ക്യാപ്റ്റന്റെ മകൻ രൺ ഇന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവരും ബിജെപിയിൽ ചേർന്നേക്കും.
ഈ ആഴ്ച ആദ്യം ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും ചർച്ചയ്‌ക്ക് പിന്നാലെ ക്യാപ്റ്റൻ ബിജെപിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളും വന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ തന്നെ പരമ്പരാഗത സീറ്റായ പട്യാലയിലാണ് അദ്ദേഹം പരാജയപ്പെട്ടതും. എന്നാൽ സിംഗിന്റെ പാർട്ടി ബിജെപിയിൽ ലയിക്കുകയും സാധാരണക്കാർക്കിടയിൽ പ്രവർത്തനം ശക്തമാക്കുകയും ചെയ്താൽ ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ശിരോമണി അകാലിദളുമായുള്ള സഖ്യം വേർപെടുത്തിയതിന് ശേഷം പഞ്ചാബിൽ ബിജെപി ഒറ്റയ്‌ക്ക് ശക്തിപ്രാപിക്കാനുള്ള ശ്രമത്തിലാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് 9 വർഷം പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് പ്രശസ്തിയും കഴിവും നേട്ടമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 19-ന് പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ലയിച്ചതിന് ശേഷം പട്യാലയിൽ നടക്കുന്ന ചടങ്ങിൽ പി.എൽ.സി പ്രവർത്തകരെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുമെന്ന് അമരീന്ദർ സിംഗിന്റെ അടുത്ത സഹായി കെ.കെ ശർമ്മ പറഞ്ഞു. അതേസമയം, അമരീന്ദർ സിംഗിന്റെ ഭാര്യ ഇപ്പോഴും കോൺഗ്രസ് എംപിയാണ്.
Comments