ഡൽഹി: ഉസ്ബെകിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടിയിൽ ഭാരതത്തിന്റെ വളർച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നിൽ തിളങ്ങുകയാണ്. 70,000-ത്തിലധികം സ്റ്റാർട്ടപ്പുകളുടെയും 100 യൂണികോണുകളുടെയും രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിക്കവെ വ്യക്തമാക്കി.
എസ് സി ഒ ഉച്ചകോടിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ഓരോ വളർച്ചയും ചൂണ്ടിക്കാണിച്ചു. ലോകം കൊറോണ മഹാമാരിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധികളും യുക്രെയ്ൻ-റഷ്യ യുദ്ധവും ആഗോള വിതരണ ശൃംഖലയിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചു. ഇത്തരം സാഹചര്യങ്ങളിൽ എസ് സി ഒയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ത്യയെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ആഗ്രഹിക്കുന്നു. ജനകേന്ദ്രീകൃത വികസന മാതൃകയിലും സാങ്കേതിക കാര്യക്ഷമതയിലും ഭാരത സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു. രാജ്യത്തെ കൂടുതൽ നവീകരിക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.5% വളർച്ച കൈവരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിൽ ഒന്നായതിലും, ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ആയതിലും തനിക്ക് സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി എസ് സി ഒ ഉച്ചകോടിയിൽ പറഞ്ഞു. എസ്സിഒ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സഹകരണവും ആവശ്യമാണ്. പരസ്പരം യാത്ര ചെയ്യാനുള്ള അവകാശം തമ്മിൽ നൽകുമ്പോൾ മികച്ച ബന്ധം ഉടലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തും.
Comments