കോട്ടയം: കഴിഞ്ഞ ദിവസം പാമ്പാടിയിൽ നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വീട്ടിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയടക്കം ഏഴു പേരെയാണ് നായ കടിച്ചത്. ഏഴാം മൈൽ സ്വദേശിയായ നിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വയറിലും നെഞ്ചിലുമായി മുപ്പത്തിനാലോളം മുറിവുകളാണ് വീട്ടമ്മയ്ക്കുണ്ടായത്. വീട്ടുമുറ്റത്തു വെച്ചാണ് നായ ആക്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് അഞ്ച് പേർക്കുമാണ് കടിയേറ്റത്.
നായയെ നാട്ടുകാർ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയർന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
തദ്ദേശ സ്ഥാപനങ്ങൾ പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കാനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്.
Comments