ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ എട്ട് ദിവസത്തെ ജർമ്മൻ സന്ദർശനം വിവാദത്തിൽ. പഞ്ചാബിൽ നിക്ഷേപം നടത്താൻ കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പോയത്. എന്നാൽ മദ്യലഹരിയിൽ ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടുവെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
ജർമനി സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഇന്ത്യയിലേക്ക് തിരിച്ചുപറക്കാൻ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയതാണ് പഞ്ചാബ് മുഖ്യമന്ത്രി. എന്നാൽ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ അദ്ദേഹവും സംഘവും കയറിയില്ല. ഇന്ത്യൻ കോൺസുലേററ് ഒരുക്കിയ പ്രത്യേക ക്യാബിൽ മന്നിനെ വിമാനത്താവളത്തിൽ ഇറക്കിയെങ്കിലും ഇവർ വിമാനത്തിൽ പ്രവേശിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുപോകാൻ വീണ്ടും ക്യാബ് പറഞ്ഞുവിടുകയായിരുന്നു.
മന്നിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണമാണ് വിമാനത്തിൽ കയറാതിരുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ന്യായീകരണം. എന്നാൽ മദ്യലഹരിയിലായിരുന്ന പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ചാണ് കയറിയതെന്നും ഭാര്യയുടെയും സെക്യൂരിറ്റി ഗാർഡുകളുടെയും പിന്തുണയില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മാദ്ധ്യമപ്രവർത്തകനായ അമൻ മാലിക് ട്വീറ്റ് ചെയ്തിരുന്നു. അതേ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ദൃക്‌സാക്ഷിയാണ് തന്നോടിത് പറഞ്ഞത് എന്നും മാദ്ധ്യമ പ്രവർത്തകൻ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റും അമൻ മാലിക് പങ്കുവെച്ചിട്ടുണ്ട്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും താൻ കയറിയ അതേ വിമാനത്തിൽ ഭഗവന്ത് മന്നും ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ യുവാവ് പറഞ്ഞത്. അദ്ദേഹം മദ്യലഹരിയിലായിരുന്നു. ഭാര്യയുടെയും സെക്യൂരിറ്റിയുടെയും സഹായമില്ലാതെ നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അതിനാൽ ലുഫ്താൻസ ജീവനക്കാർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ ലഗേജ് പുറത്തെടുക്കാൻ കാത്ത് നിന്നത് കാരണം വിമാനം വീണ്ടും വൈകിയെന്നും ദൃക്‌സാക്ഷി പറഞ്ഞു.
എന്നാലിത് പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണമാണ് എന്നാണ് ആം ആദ്മിയുടെ ന്യായീകരണം.
Comments