ചെന്നൈ: 300 ലധികം ഇന്ത്യക്കാരെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതായി പരാതി. ജോലിയ്‌ക്കായി തായ്‌ലൻഡിലെത്തിയ ഇന്ത്യക്കാർക്കാണ് ദുരവസ്ഥ. തായ്‌ലൻഡിൽ നിന്നും ഇന്ത്യക്കാരെ മ്യാൻമറിലെ മ്യാവാഡിയിലാണ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് വിവരം. തടവിലാക്കപ്പെട്ടവരിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. മ്യാൻമർ ഗവൺമെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി.
തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് ബന്ദികളാക്കിയ സംഘം സന്ദേശമയച്ചതോടെയാണ് ദുരവസ്ഥ പുറത്തറിഞ്ഞത്. മലേഷ്യൻ ചൈനക്കാരാണ് തങ്ങളെ പിടികൂടിയതെന്ന് തമിഴ്‌നാട് സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. തങ്ങളെ മോചിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും തമിഴ്‌നാട് സർക്കാരുകൾക്കും ബന്ദികൾ സന്ദേശമയച്ചിട്ടുണ്ട്. ദിവസം 15 മണിക്കൂറോളം നിയമവിരുദ്ധമായ ജോലി ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് തടവിലാക്കപ്പെട്ടവർ വെളിപ്പെടുത്തി.
മ്യാൻമറിൽ തടവിൽ കഴിയുന്ന തന്റെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ രാജ സുബ്രഹ്മണ്യൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ദുബായിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു രാജയുടെ മകൻ.
ഇവിടെ നിന്ന് ഇയാളെയും സഹപ്രവർത്തകരയെും കമ്പനി പ്രമോഷൻ നൽകി തായ്‌ലൻഡിലെ ഓഫീസിലേക്ക് മാറ്റി.തുടർന്ന് റോഡ് മാർഗം മ്യാൻമറിലെത്തിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ 30 ഓളം ഇന്ത്യക്കാർ രക്ഷപ്പെട്ടിട്ടുണ്ടെന്ന് രാജയുടെ മകൻ സുധാകർ പറയുന്നു.
Comments