തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപം തുടർന്ന് സിപിഎം നേതാക്കൾ. മനോനില തെറ്റിയ മട്ടിലാണ് ഗവർണർ പലതും വിളിച്ച് പറയുന്നത് എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. ഗവർണർ എന്നാൽ രാജാവ് എന്നല്ല. രാജാധികാരം പോയി ജനാധിപത്യം വന്നു എന്ന് ഗവർണർ ഓർക്കണമെന്നാണ് പി ജയരാജൻ പറയുന്നത്. ചെറായി മങ്കുഴിയിൽ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
ജനാധിപത്യ സർക്കാരിനെതിരെ ചാട്ടവാർ പ്രയോഗിക്കാനുള്ള അധികാരം ഗവർണർക്കില്ല. രാജാധികാരം പോയി ജനാധിപത്യം വന്നു എന്ന് ഗവർണർ ഓർക്കണം. സർക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുകയാണ് ഗവർണറുടെ ഉത്തരവാദിത്തമെന്നും പി ജയരാജൻ പറഞ്ഞു.
മനോനില തെറ്റിയ മട്ടിൽ ഗവർണർ ഓരോന്ന് വിളിച്ചു പറയുകയാണ്. ഗവർണർ ആർഎസ്എസ് മേധാവിയെ കണ്ടതിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭരണഘടനാ പദവിയുള്ള ഈ മാന്യൻ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ചത്. വർഗീയ സംഘർഷങ്ങൾക്ക് ഉത്തരവാദിയായ സംഘടനാ തലവനെ അങ്ങോട്ട് പോയി കാണുകയാണ് ചെയ്തത് എന്നും ഇതിലൂടെ ആർഎസ്എസുമായി പരസ്യ ബന്ധമുണ്ടെന്നും ഗവർണർ വിളിച്ചു പറഞ്ഞിരിക്കുകയാണെന്നും പി ജയരാജൻ വാദിച്ചു.
Comments