ബംഗളൂരു : പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വരനെ യുവതിയും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജനെയാണ് സംഘം കൊലപ്പെടുത്തിയത്. പ്രതിശ്രുത വധുവായ യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളായ സൂര്യ ഒളിവിലാണ്. ബിടിഎം ലേഔട്ടിലാണ് സംഭവം.
യുവതിയുടെ ചിത്രങ്ങൾ വികാഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും കൂട്ടുകാർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇതറിഞ്ഞ വധുവും കൂട്ടുകാരും യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ എല്ലാവരും വികാഷ് താമസിക്കുന്ന ബിടിഎം ലേഔട്ടിലെ താമസക്കാരാണ്. കൊല്ലപ്പെട്ട യുവാവും വധുവായ യുവതിയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. യുക്രെയ്നിൽ നിന്നാണ് വികാഷ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ശേഷം രണ്ട് വർഷം ചെന്നെയിൽ ജോലി ചെയ്തു. പിന്നാലെയാണ് ബംഗളൂരുവിൽ എത്തിയത്. തുടർന്ന് വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
പിന്നാലെയാണ് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി യുവാവ് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. സെപ്റ്റംബർ എട്ടിന് ഈ ചിത്രങ്ങൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് യുവാവിനോട് ഇതേപ്പറ്റി ചോദിച്ചു. എന്നാൽ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു വികാഷിന്റെ പ്രതികരണം. വികാഷിന്റെ മറുപടി കേട്ട യുവതി വിഷയം കൂട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികാരം ചെയ്യാൻ ഇവർ തീരുമാനിക്കുകയും സുശീലിന്റെ വീട്ടിലേക്ക് വികാഷിനെ വിളിച്ച് വരുത്തുകയും ചെയ്തു. പിന്നാലെ ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവർ മർദിച്ചു. അടിയേറ്റ് അവശനായ വികാഷിനെ ഇവർ പിന്നീട് ആശുപത്രിയിലെത്തിച്ചു. വികാഷിന്റെ സഹോദരൻ വിജയ്യെ യുവതി വിവരം അറിയിക്കുകയും ചെയ്തു.
കൂട്ടുകാർക്കിടയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് വികാഷിന് മർദ്ദനം ഏറ്റതെന്നാണ് യുവതി മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ ചികിത്സയിൽ ഇരിക്കെ യുവാവ് മരണപ്പെടുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ പരാതിയിൽ പോലീസ് യുവതിയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments