ആറ്റിങ്ങൽ; കേന്ദ്രം പണം നൽകാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യം ഇല്ലെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. കഴിക്കാനുള്ളവപോലും ഉദ്പാദിപ്പിക്കാത്ത സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ സന്ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ജോലിക്കായും വിദ്യാഭ്യാസത്തിനായും സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായം. രാഷ്‌ട്രീയത്തിനല്ലാതെ വികസനത്തിനായി ദില്ലിയിൽ വരൂ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിണറായി സർക്കാറിന്റേത് തുഗ്ലക് പരിഷ്‌കാരങ്ങളാണ്. വ്യവസായത്തിലും കൃഷിയിലും വരുമാനം ഉണ്ടാക്കണം. വ്യവസായ, ബിസിനസ് മേഖലയിൽ സർക്കാർ മുഖം തിരിച്ച് നിൽക്കുന്നതാണ് തൊഴിലില്ലായ്മയ്‌ക്ക് കാരണം. കേരളം കർഷകരെ സഹായിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അഭ്യർത്ഥിക്കുകയാണെന്നും ശോഭാ കരന്തലജെ പറഞ്ഞു.
വികസനത്തിന് രാഷ്‌ട്രീയം ഇല്ല. ശബരിമല, ശ്രീനാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ഗ്രാമങ്ങൾ, നല്ല പ്രകൃതി, എന്നിവയെല്ലാം കാണാൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്. വർക്കലയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമുണ്ട്. ഈഴവ വിഭാഗത്തിന്റെ മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സ്വാമിയാണ് ശ്രീനാരായണ ഗുരു. ശിവഗിരിമഠത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി യാതൊന്നും ചെയ്യുന്നില്ല. അതേസമയം ശിവഗിരിമഠത്തിന്റെ വികസനത്തിനായി 66.4 കോടി കേന്ദ്രം അനുവദിച്ചു. എന്നാൽ പദ്ധതി ഏറ്റെടുത്ത കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് പദ്ധതി പൂർത്തികരിക്കുന്നില്ല. ഒടുവിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിൽ ഐടിഡിസിക്ക് നിർമ്മാണ ചുമതല നൽകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ആറ്റിങ്ങലിലെ കല്ലമ്പലം ജംഗ്ഷനിൽ ദേശീയപാത 66 ന്റെ ആറുവരിപ്പാതാ വിപുലീകരണത്തിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി.
ഒരു വർഷത്തിനിടെ കേരളത്തിൽ സ്ത്രീകളെ ആക്രമിച്ചതിൽ അറുപതിനായിരം കേസുകളെടുത്തു. എന്നാൽ എത്രപോർക്ക് ശിക്ഷനൽകി ജയിലിലടച്ചു. സ്ത്രീകൾക്കു മാത്രമല്ല, ഗവർണർക്കുപോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Comments