ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രീതിയുള്ള എസ്‍യുവിയാണ് നെക്‌സോൺ. ഇപ്പോൾ നെക്സോൺ എസ്‍യുവിയുടെ പുതിയ XZ+ (L) വേരിയൻറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 11.38 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. ടോപ്പ്-സ്പെക്ക് XZ+ വേരിയന്റിന് മുകളിലാണ് പുതിയ നെക്സോൺ XZ+ (L) ട്രീം. വാഹനം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം പെട്രോൾ, ഡീസൽ പവർട്രെയിനുകളിലും ലഭിക്കും. പ്രത്യേക ഡാർക്ക് എഡിഷൻ രൂപത്തിലാണ് പുതിയ വേരിയന്റ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്.
നെക്‌സോൺ XZ+ (L) വേരിയന്റിന് എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ലെതറിൽ തുന്നിയിരിക്കുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ പുതിയ ഫീച്ചറുകൾ കമ്പനി നൽകുന്നുണ്ട്. നെക്‌സോൺ ടോപ്പ്-സ്പെക് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 16 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ എസി വെന്റുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും നെക്സോൺ XZ+ (L) വേരിയന്റിന് നൽകുന്നു.
മെക്കാനിക്കലായി നെക്‌സോൺ നിലവിലെ മോഡലിന് സമാനം തന്നെയാണ്. 1.2-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5-ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമാണ് വാഹനത്തിന് ലഭിക്കുന്നത്. ആദ്യത്തേത് 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും, രണ്ടാമത്തേത് 108 ബിഎച്ച്പിയും 260 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമാണ് വാഹനത്തിനുള്ളത്. ഇന്ത്യൻ വിപണിയിലെത്തിയതു മുതൽ ഏറെ വിറ്റഴിക്കപ്പെടുന്ന ടാറ്റയുടെ ജനപ്രിയ വാഹനമാണ് നെക്സോൺ.
Comments