ന്യൂഡൽഹി; കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടോ ശശി തരൂരോ വന്നാലും അവർ രാഹുൽ ഗാന്ധിയുടെ കയ്യിലെ വൈറും പാവ മാത്രമായിരിക്കുമെന്ന വിമർശനവുമായി ബിജെപി. ഇപ്പോൾ നടക്കുന്നത് ഭാരത് ജോഡോ യാത്ര അല്ലെന്നും ഡിഎംകെയുമായി ചേർന്നുള്ള ‘അഴിമതി ജോഡോ യാത്ര’ ആണെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കൻ പറഞ്ഞു.
‘ ഇത് ഭാരത് ജോഡോ യാത്ര അല്ല, ഇതിനെ അഴിമതി ജോഡോ യാത്ര എന്നാണ് വിളിക്കണ്ടത്. 2ജി സ്പെക്ട്രം അഴിമതിയിലെ പങ്കാളികളായ ഡിഎംകെയുടെ അനുഗ്രഹങ്ങളോടെയാണ് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ചത്. ഡൽഹിയിൽ ആം ആദ്മി സർക്കാരിന്റെ അഴിമതിയെ കുറിച്ച് രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്. കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ എക്സൈസ് നയത്തിൽ നിന്നാണ് ഡൽഹിയിലും അഴിമതിയിൽ മുങ്ങിക്കുളിച്ച എക്സൈസ് നയം തുടങ്ങിയത്’.
‘ കോൺഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആ സ്ഥാനത്തേക്ക് വരുന്നത് ഗെഹ്ലോട്ടോ, ശശി തരൂരോ ആരുമാകട്ടെ, അവർ രാഹുൽ ഗാന്ധിയുടെ കയ്യിലെ വെറും പാവകൾ മാത്രമായിരിക്കും. രാഹുൽ ഗാന്ധി തന്നെയായിരിക്കും എപ്പോഴും മുൻ സീറ്റിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുന്ന പ്രധാന ഡ്രൈവറെന്നും’ ടോം വടക്കൻ പറഞ്ഞു.
Comments