മലപ്പുറം : സ്കൂളിന് മുന്നിൽ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റോഡിലിറങ്ങി തടഞ്ഞുനിർത്തി. മലപ്പുറം കരിങ്കല്ലത്താണിയിലാണ് സംഭവം. താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പലും, പ്രിൻസിപ്പൽമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീർ ആണ് ബസ് തടഞ്ഞുനിർത്തിയത്.
കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്താറില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടാറുണ്ട്. ബസ് അപകടമാംവിധം അതിവേഗത്തിൽ ഓടിച്ച് പോകുന്നുവെന്നും പരാതി ഉയർന്നിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ബസ് തടയാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ കടന്ന് പോവുകയായിരുന്നു. ഇതോടെയാണ് ബസ് തടയാൻ പ്രിൻസിപ്പൽ എത്തിയത്. റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് ബസ് തടഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Comments