നാഗ്പൂർ: ടി 20 ക്രിക്കറ്റ് പരമ്പരയിൽ രണ്ടാമത്തെ മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. രോഹിത് പുറത്താവാതെ 46 റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തുകൾ നേരിട്ട ശർമ്മ നാല് വീതം ബൗണ്ടറികളും സിക്‌സറുകളും നേടി. നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ജയം.
മഴയെ തുടർന്ന് മത്സരം 8 ഓവർ ആക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിനയച്ചു. ഓസീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 90 റൺസ് എടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിന്റെ മികച്ച ഇന്നിങ്‌സാണ് കംഗാരുകൾക്ക് ഉയർന്ന സ്‌കോർ സമ്മാനിച്ചത്.
കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പി മാത്യൂ വേഡ്(43 നോട്ടൗട്ട്) അവസാന ഓവറിൽ നടത്തിയ മികച്ച പ്രകടനമാണ് 90ൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറർ കാമറൂൺ ഗ്രീൻ(5), ഗ്ലെൻ മാക്സ്വെൽ(0), ടീം ഡേവിഡ്(2) എന്നിവർ വേഗം പുറത്തായി. സ്റ്റീവ് സ്മിത് (7) റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടായി.
ബൗളിംഗിൽ ഇന്ത്യയ്‌ക്കായി അക്ഷർ പട്ടേൽ 2 വിക്കറ്റും ജസ്പ്രീത് ബുംമ്ര ഒരു വിക്കറ്റും വീഴ്‌ത്തി. വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. അടുത്ത മത്സരം 25ന് ഹൈദരാബാദിൽ നടക്കും.















