കണ്ണൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ കണ്ണൂർ എക്സൈസ് പിടിച്ചെടുത്തു. 677 ഗ്രാം എംഡിഎംഎയാണ് എക്സൈസും ആർപിഎഫും ചേർന്ന് പിടിച്ചെടുത്തത്.
ഇതിനിടയിൽ യുവതി ഉൾപ്പെട്ട ലഹരി വിൽപ്പന സംഘത്തെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. വയനാട്ടിലാണ് സംഭവം. സംഭവത്തിൽ അൽ അമീൻ ,ഷനുബ, തസ്ലീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. പ്രതികളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു.
സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് ഇവരാണെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി എത്തിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും നിരീക്ഷിച്ച് അധികാരികളെ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി.
ലഹരിക്കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുള്ള കടകളിലും മറ്റും പരിശോധന ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments