തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് കേരളത്തിൽ. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന നദ്ദയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും. പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവർത്തകർക്കൊപ്പം ‘മൻ കീ ബാത്ത്’ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ 62 ബൂത്ത് കമ്മിറ്റികളാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. എറണാകുളത്തെ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് പാർട്ടി പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രസംഗമായ മൻ കി ബാത്തിന്റെ 93-ാം പതിപ്പ് പ്രവർത്തകർക്കൊപ്പം കേൾക്കും.
തുടർന്ന് നദ്ദ കോട്ടയത്തെത്തും. ബിജെപി ജില്ലാ ഓഫീസ് നാഗമ്പടത്ത് ഉദ്ഘാടനം ചെയ്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം പുതിയ ബിജെപി ഓഫീസ് സന്ദർശിക്കുകയും പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി സംവദിക്കുകയും ചെയ്യും. ശേഷം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ബൂത്ത് പ്രസിഡന്റുമാരെയും ജില്ലാതല പ്രതിനിധികളെയും അഭിസംബോധന ചെയ്യും. തിരുവനന്തപുരത്ത് തൈക്കാട് പുതുതായി നിർമ്മിച്ച ജില്ലാ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
Comments