ബംഗളൂരു: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കാനൊരുങ്ങി കർണാടക. 2020-26 വർഷത്തെ പുതുക്കിയ ടൂറിസം നയത്തിന്റെ പ്രകാശന വേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന മൂന്ന് വർഷത്തിനുള്ളിൽ കർണാടക സന്ദർശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിവർഷം 30 ലക്ഷം പേരാണ് സന്ദർശനത്തിനായെത്തുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത് വഴി പ്രാദേശിക ജനങ്ങളുടെ ജീവിതമാർഗവും മെച്ചപ്പെടും. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കർണാടകയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൽബുറഗിയിലെയും ബിദറിലെയും കോട്ടകൾ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇവിടങ്ങളിലെ ആസ്തികൾ മെച്ചപ്പെടുത്തിയാൽ ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്നും സൂചിപ്പിച്ചു.
ഇതിനായി റവന്യൂ, പിഡബ്ല്യുഡി വകുപ്പുകൾ ടൂറിസം വകുപ്പിനൊപ്പം പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി ആനന്ദ് സിംഗും ടൂറിസം പ്രോത്സാഹനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. യാനയുടെ പുനരുജ്ജീവനം, ചിക്കമംഗളൂരുവിലെ റോപ്വേ, ഹോട്ടലുകൾ എന്നിവ ഏറ്റെടുത്തു. പുതിയ സർക്യൂട്ടുകൾ രൂപീകരിച്ചതായും അദ്ദേഹം പരാമർശിച്ചു. വരും വർഷങ്ങളിൽ വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments