ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ടതിന് പിന്നാലെ അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചുവരികയാണ്. പണമിടപാടുകൾ സംബന്ധിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രണ്ട് വർഷത്തിനിടെ പാർട്ടിക്ക് ലഭിച്ച സംഭാവനകളുടെ കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. 2018 മുതൽ 2020 വരെ രാഷ്ട്രീയ പാർട്ടിക്ക് എത്ര സംഭാവന ലഭിച്ചു എന്നതിന് കണക്കില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടിലേക്ക് ഈ രണ്ട് വർഷത്തിനിടെ ഒൻപത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. എന്നാൽ കണക്കിൽ കാണിച്ചിരിക്കുന്നത് 22 ലക്ഷം രൂപ മാത്രമാണ്. സംഭാവനകൾ നൽകിയവരുടെ വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല. ഇത് കെട്ടിച്ചമച്ച രേഖകളാണോ എന്ന സംശയങ്ങളാണ് പൊന്തിവരുന്നത്.
2020-21 വർഷത്തിൽ 2.9 കോടി രൂപ പാർട്ടിക്ക് ലഭിച്ചു. 2018 -2021 വരെ ആകെ 11.78 കോടി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 10 കോടിയോളം രൂപ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പാർട്ടി ഇനി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വേണ്ടി പ്രവർത്തിക്കാൻ പാടില്ലെന്നും താക്കീത് നൽകിയിട്ടുണ്ട്. പ്രവർത്തിച്ചാൽ യുഎപിഎ പ്രകാരം കേസെടുക്കാനാണ് തീരുമാനം.
Comments