ലോകമെമ്പാടും നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. സ്ത്രീകളിൽ പുരുഷന്മാരിലേതിനേക്കാൾ ഹൃദയാഘാത സാദ്ധ്യത കുറവാണ് എന്നാണ് പൊതുവിലുള്ള ഒരു ധാരണ. ഇത് ഏറെക്കൊറെ ശരിയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയാഘാതത്തിൽ നിന്നും ഒരു പരിധി വരെ സ്ത്രീകളെ രക്ഷിക്കാൻ, സ്ത്രൈണ ഹോർമോണായ ഈസ്ട്രജന് സാധിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ആർത്തവ വിരാമത്തിന് മുൻപ് വരെ സ്ത്രീകൾക്ക് ഹൃദയാഘാതത്തിൽ നിന്നും താരതമ്യേന സംരക്ഷണമുണ്ട്. എന്നാൽ, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും വളരെ കൂടുതലാണ്. ഇത്തരം രോഗങ്ങൾ പുരുഷന്മാരേപ്പോലെ സ്ത്രീകളെയും ബാധിക്കുന്നവയാണ്. അതിനാൽ ഇന്ത്യയിലെ സ്ത്രീകൾ മദ്ധ്യവയസ്സിന് ശേഷം ഹൃദയാഘാതത്തെ കരുതിയിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയും, സ്ത്രീകളിൽ ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.
ശ്വാസകോശത്തിന്റെയും തലച്ചോറിന്റേയും പേശികളുടേയും സന്ധികളുടെയും കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും രക്തപര്യയന വ്യവസ്ഥയുടെ പ്രവർത്തനത്തിലും വ്യത്യാസമുണ്ട്. പുരുഷന്മാരുടെ ധമനികളേക്കാൾ ചെറുതാണ് സ്ത്രീകളുടെ ധമനികൾ. ഈ ഘടകങ്ങളൊക്കെ, സ്ത്രീകളിൽ ഹൃദയാഘാത സാദ്ധ്യത കുറയ്ക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ചെറു പ്രായത്തിൽ തന്നെ ഹൃദായാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത പുരുഷന്മാരിൽ കൂടുതലാണ്. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനമാണ് ഇവിടെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നത്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ: സ്ത്രീകളിൽ ഛർദ്ദി ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ശ്വാസ തടസ്സം, ചുമ, മൂക്കിലൂടെയുള്ള രക്തസ്രാവം, നെഞ്ച് വേദന, നെഞ്ചിൽ ഭാരം കയറ്റി വെച്ചത് പോലുള്ള തോന്നൽ, ചിന്താക്കുഴപ്പം, വർദ്ധിച്ച ഹൃദയമിടിപ്പ്, അമിത വിയർപ്പ് എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ഈസ്ട്രജൻ ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണം നൽകുമെങ്കിലും, ഇത് സമ്പൂർണ്ണ സംരക്ഷണമായി കണക്കാക്കാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു. കൃത്യമായ വ്യായാമം, പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കൽ, അമിതഭാരം നിയന്ത്രിക്കൽ, എന്നിവയും ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണം ലഭിക്കാൻ അനിവാര്യമാണ്.
Comments