കോഴിക്കോട്: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി രണ്ട് ദിവസം പിന്നിടുമ്പോഴും കോഴിക്കോടുള്ള പിഎഫ്ഐയുടെ സംസ്ഥാന സമിതി ഓഫീസ് പൂട്ടിയിട്ടില്ല. പ്രധാന കേന്ദ്രമായ കോഴിക്കോടിലെ ഓഫീസ് സീൽ ചെയ്യാത്തത് വലിയ അമർഷത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തിന്റെ അടിസ്ഥാത്തിൽ ഇന്ന് നടപടി ഉണ്ടാകുമെന്നാണ് സൂചന.
ഇന്നലെ രാത്രിയോടെ ആലുവയിലെ പെരിയാർ വാലി ക്യാമ്പസിലെ പിഎഫ് ഓഫീസ് പൂട്ടിയിരുന്നു.പോലീസിന്റെ ഭാഗത്തുനിന്നും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ തിരുവനന്തപുരം ജില്ലയിൽ അടക്കമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാനുള്ള നടപടികൾ പൂർത്തിയായിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് കൂടുതൽ ഓഫീസുകൾ സീൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ തുടർനടപടി സ്വീകരിക്കുക.
ഈ നടപടികൾ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു.എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് വിമർശനവിധേയമാവുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികളിൽ തിടുക്കം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്
Comments