കൊളംബോ: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യക്കാർ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് ലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലോക സീരീസിൽ ലങ്കയ്ക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ശ്രീലങ്ക ഒരു ചെറു ദ്വീപാണ്. തങ്ങൾ വിദേശ ടൂറിസ്റ്റുകൾക്കായി എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ലങ്കയുടെ തിരിച്ചു വരവിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ചെറിയ ദ്വീപാണെങ്കിലും രാജ്യത്ത് നിരവധി സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. ഒരു ടീമെന്ന നിലയിൽ ശ്രീലങ്കയുടെ വികസനത്തിനായി അഭ്യർത്ഥിക്കുകയാണെന്നും, എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വർഷാവസാനത്തോടെ 1 മില്യൺ ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ രാജ്യത്തെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കണം. 2022ലെ ഏഷ്യ കപ്പ് കിരീടം പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്ക നേടിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം യു എ ഇൽ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. രാജ്യം രൂപീകൃതമായ 1948ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോകുന്നത്. കൊറോണ വ്യാപനം വികസനത്തെ കാര്യമായി ബാധിച്ചു.
രാജ്യത്ത് ഓയിലിന്റെ ലഭ്യത ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കാർഷിക ഉൽപ്പാദനം, വിദേശ വിനിമയ വിഭവങ്ങൾ, കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയവയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. രാജ്യത്തെ കുടുംബങ്ങൾ കൂടുതലും പട്ടിണിയിലാണ്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് കൊറോണ വ്യാപനത്തിന് ശേഷം രാജ്യം കടുത്ത ദാരിദ്ര്യം അനുഭവിക്കുകയാണെന്നാണ് പറയുന്നത്.
Comments