തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് നടൻ മോഹൻലാലും മമ്മൂട്ടിയും. അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയാണെന്ന് ഇരുവരും പറഞ്ഞു. കോടിയേരിയുടെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
സംശുദ്ധ രാഷ്‌ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിടയെന്നും അദ്ദേഹം പറഞ്ഞു.
പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിച്ചു. ഇവർക്ക് പുറമേ കുഞ്ചാക്കോ ബോബൻ, ഇർഷാദ് അലി, ഉണ്ണി മുകുന്ദൻ സംവിധായകൻ അരുൺ ഗോപി തുടങ്ങിയവരും അദ്ദേഹത്തിന് ആദരാജ്ഞലികൾ നേർന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേ രാത്രിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ചികിത്സയ്‌ക്കായി ചെന്നൈയിൽ എത്തിയത്.
Comments