മുംബൈ: ഫോൺ എടുക്കുമ്പോൾ ‘ഹലോ‘ പറയുന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേ മാതരം‘ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷം. സർക്കാരിന്റെ നീക്കം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി ആവശ്യപ്പെട്ടു.
സർക്കാർ ഓഫീസുകളിലേക്ക് ജനങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ ഫോൺ കോൾ വരുമ്പോൾ ‘ഹലോ‘ എന്നതിന് പകരം ‘വന്ദേ മാതരം‘ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്നതാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് മുതൽ ഉത്തരവ് പാലിക്കാനാണ് സർക്കാർ വിവിധ വകുപ്പുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പൊതുഭരണ വകുപ്പ്, സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, സർക്കാർ- എയ്ഡഡ് കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഉത്തരവ് ബാധകമാണ്. ബിജെപി ഉത്തരവിനെ സ്വാഗതം ചെയ്തിരുന്നു.
Comments