ലഖ്നൗ: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് 82 വയസ്സുകാരനായ മുലായം ചികിത്സയിൽ കഴിയുന്നത്.
മുലായം സിംഗ് യാദവിന്റെ രോഗാവസ്ഥയെ കുറിച്ച് അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായമിന്റെ മകനും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. സാദ്ധ്യമായ എല്ലാ സഹായവും പിന്തുണയും ഇരുവരും അഖിലേഷിന് വാഗ്ദാനം ചെയ്തു. ഡോക്ടർമാരുമായി സംസാരിച്ച യോഗി ആദിത്യനാഥ്, മുലായമിന് ഏറ്റവും മികച്ച ചികിത്സ തന്നെ നൽകണമെന്ന് നിർദ്ദേശിച്ചു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുലായം സിംഗ് യാദവിനെ പരിചരിക്കാൻ മകൻ അഖിലേഷ് യാദവും മറ്റ് അടുത്ത ബന്ധുക്കളും ഗുരുഗ്രാമിൽ എത്തിയിരുന്നു. ഉദരസംബന്ധമയ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലാണ് മുലായം. വൻകുടലിലെ അണുബാധ വൃക്കകളെ ബാധിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് കഴിഞ്ഞ വർഷവും അദ്ദേഹത്തെ ദീർഘകാലം ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് സജീവ രാഷ്‌ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ മുലായം സിംഗ് യാദവ്.
Comments