കോട്ടയം : ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് മൊഴി നൽകി പിടിയിലായ മുത്തുകുമാർ. കൊലപാതകം നടത്തിയത് താൻ അല്ല. ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരാണെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഇവർ ഒന്നിച്ചാണ് കൊല്ലപ്പെട്ട ബിന്ദുകുമാറിനെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്.
സെപ്തംബർ 26 ന് എല്ലാവരും ചേർന്ന് കൊല്ലപ്പെട്ട യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി. ശേഷം എല്ലാവരും ചേർന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ തനിക്ക് ഫോൺ വന്നപ്പോൾ പുറത്തേക്ക് പോയി. തിരിച്ച് വന്നപ്പോൾ മരിച്ച് കിടക്കുന്ന ബിന്ദുകുമാറിനെയാണ് കണ്ടതെന്നുമാണ് മുത്തുകുമാർ പോലീസിന് മൊഴി നൽകിയത്. ഇതിന് പുറമെ ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടാൻ സഹായിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
സമീപത്തെ വീട്ടിൽ നിന്നാണ് കുഴിയെടുക്കുന്നതിനുള്ള തൂമ്പയും, കമ്പിപ്പാരയും വാങ്ങിയത്. ശേഷം അടുക്കളയ്ക്ക് പിന്നാലെ ഷെഡിൽ സ്ലാബ് ഇളക്കി കുഴിയെടുത്ത് മൃതദേഹം അതിൽ ഇട്ട് മൂടി. പിന്നാലെ അതിന് മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ബിന്ദു കുമാറിന്റെ ബൈക്ക് ബിബിനും, ബിനോയിയും ചേർന്ന് തോട്ടിൽ ഒളിപ്പിക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിന്ദുകുമാറിനെ കുഴിച്ചു മൂടാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഇവരെ പിടികൂടി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിൽ മാത്രമെ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലപ്പെട്ടു എന്ന് പോലീസിന് സൂചന ലഭിച്ചു. പിന്നാലെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ വീടിന്റെ കോൺക്രീറ്റ് തറ പൊട്ടിച്ച് പരിശോധന നടത്തിയത്.
Comments