ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടികൾ തുടർന്ന് ഡൽഹി പോലീസ്. പിഎഫ്ഐയുടെ ഡൽഹിയിലെ മൂന്ന് ഓഫീസുകൾ സീൽ ചെയ്തു. യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജെയ്ദ് അപ്പാർട്ട്മെന്റിന്റെ താഴത്തെ നില, അബു ഫസൽ എൻക്ലേവ് ജാമിയ നഗറിലെ ഹിലാൽ വീടിന്റെ താഴത്തെ നില, തെഹ്രി മൻസിൽ ജാമിയ എന്നിവയാണ് യുഎപിഎ സെക്ഷൻ 8 പ്രകാരം സീൽ ചെയ്തത്. ഈ ഓഫീസുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ സെപ്തംബർ 27 നാണ് പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഐഎസ് പോലുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം, രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്,തുടങ്ങിയ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിരോധനം. പിഎഫ്ഐയെ കൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ എട്ട് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments