തിയറ്ററുകളിൽ വൻ വിജയം തീർക്കുകയാണ് മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെല്വൻ’. സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം 230 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്. ചിത്രം വൻ വിജയമായതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ, സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. പൊന്നിയിൻ സെല്‍വന്റെ അണിയറ പ്രവര്‍ത്തകർക്ക് ആവേശം പകരുകയാണ് രജനികാന്തിന്റെ വാക്കുകൾ. ‘പൊന്നിയിൻ സെല്‍വനി’ല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയം രവിയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
‘ആ ഒരു മിനിറ്റ് സംഭാഷണം എന്റെ ദിനവും വർഷവും അവിസ്മണീയമാക്കി. എന്റെ കരിയറിന് ഒരു പുതിയ അർത്ഥം നൽകി. താങ്കളുടെ നല്ല വാക്കുകൾക്കും കുട്ടികളെപ്പോലെയുള്ള ഉത്സാഹത്തിനും തലൈവർക്ക് നന്ദി. സിനിമയും എന്റെ പ്രകടനവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. താങ്കളുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ വിനീതനും അനുഗ്രഹീതനുമാണ്’ എന്നാണ് ജയം രവി ട്വിറ്ററിൽ കുറിച്ചത്.
ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം 25.86 കോടി ‘പൊന്നിയിൻ സെല്വൻ’ നേടിയിരുന്നു. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കള്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
Comments