ന്യൂഡൽഹി: മദ്യകുംഭകോണത്തിന് പിന്നാലെ വൈദ്യുതി കുംഭകോണത്തിൽ കുരുങ്ങി ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. വൈദ്യുതി സബ്സിഡി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന ഡൽഹി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് സബ്സിഡി അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന 2018 ഫെബ്രുവരി 19ലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാത്തത് എന്തു കൊണ്ടാണെന്ന് ലെഫ്റ്റ്നന്റ് ഗവർണർ സർക്കാരിനോട് ചോദിച്ചു. വൈദ്യുതി സബ്സിഡി പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി തനിക്ക് പരാതി ലഭിച്ചതായി ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന വ്യക്തമാക്കി.
പ്രതിമാസം 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾ ബിൽ അടയ്‌ക്കേണ്ടതില്ല എന്നാണ് ഡൽഹി സർക്കാരിന്റെ നിർദ്ദേശം. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ബിൽ തുകയുടെ 50 ശതമാനം (പരമാവധി 800 രൂപ വരെ) സബ്സിഡി ലഭിക്കും. ആദ്യം ഈ പദ്ധതി എല്ലാ ഡൽഹിക്കാർക്കും വേണ്ടിയാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, പിന്നീട് ഈ സൗജന്യം, ആവശ്യക്കാർക്ക് മാത്രമാക്കി ചുരുക്കിയിരുന്നു. സബ്സിഡിയായി ബാങ്ക് അക്കൗണ്ടുകൾ വഴി നൽകേണ്ടുന്ന തുകയാണ് ഇപ്രകാരം രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഡൽഹി സർക്കാർ സൗജന്യം എന്ന പേരിൽ നൽകുന്നത്.
വൈദ്യുതി കമ്പനികളായ ബി എസ് ഇ എസ് രാജധാനി, ബി എസ് ഇ എസ് യമുന തുടങ്ങിയവ ഡൽഹി സർക്കാരിന് 21,250 കോടി രൂപ നൽകാനുണ്ട്. എന്നാൽ, ഈ തുക പിരിച്ചെടുക്കാൻ ഡൽഹി സർക്കാർ നടപടികൾ സ്വീകരിച്ചില്ല എന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത കമ്പനികൾക്ക് ഭാവിയിൽ കൊടുക്കേണ്ടി വരുന്ന തുക കണക്കാക്കി ഡൽഹി സർക്കാർ ഇളവ് അനുവദിക്കുകയും, അതിന്റെ ഫലമായി 11,550 കോടി രൂപയുടെ അനധികൃത നേട്ടം കമ്പനികൾക്ക് ഉണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളിൽ നിന്നും ലേറ്റ് പേയ്മെന്റ് സർചാർജ്ജ് എന്ന തരത്തിൽ 18 ശതമാനം തുക പിരിച്ചെടുത്ത കമ്പനികൾ, സർക്കാരിന്റെ വൈദ്യുതോത്പാദന കമ്പനികൾക്ക് നൽകിയിരിക്കുന്നത് 12 ശതമാനം തുക മാത്രമാണ്. ഈ വകയിൽ, സർക്കാരിന് 8,500 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ് മറ്റൊരു പരാതി.
ഡൽഹി സർക്കാരിന് 49 ശതമാനം ഓഹരിയുള്ള മുകളിൽ പറഞ്ഞ കമ്പനികളുടെ തലപ്പത്ത്, സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്‌ട്രീയ നിയമനങ്ങൾ നടത്തി. ഈ കമ്പനികളുടെ ഓഡിറ്റ് റദ്ദാക്കിയ സർക്കാർ, ജനങ്ങൾക്ക് സബ്സിഡി ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണം എന്ന ചട്ടം ലംഘിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം കൃത്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ടാറ്റ പവർ പോലെയുള്ള കമ്പനികൾക്ക് സർക്കാർ യാതൊരു തരത്തിലുള്ള ഇളവുകളും നൽകിയില്ലെന്നും വിവരാവകാശ രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.
Comments