ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ പുതിയ എയിംസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ആശുപത്രി പ്രവർത്തിക്കുകയെന്നും ‘ഗ്രീൻ ഹോസ്പിറ്റൽ’ എന്ന് എയിംസ് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 1,470 കോടി രൂപ ചെലവിൽ നിർമ്മിച്ച എയിംസാണ് ബിലാസ്പൂറിൽ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 8 വർഷമായി, രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ പോലും വികസനം എത്തിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പുതിയതായി നിർമ്മിച്ച എയിംസ് ഹിമാചലിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളുടെയും മരുന്നുകളുടെയും കാര്യത്തിൽ ഹിമാചൽ പ്രദേശ് അതിന്റെ അടിത്തറ വിപുലീകരിക്കുകയാണ്. ബൾക്ക് ഡ്രഗ് പാർക്ക് നിർമ്മിക്കുന്നതിനായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളെ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതിൽ ഒന്നാണ് ഹിമാചൽ പ്രദേശ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതുതായി നിർമ്മിച്ച ബിലാസ്പൂരിലെ എയിംസിന്റെ പ്രത്യേകതകൾ അറിയാം,
1. 2017-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട ആശുപത്രിക്ക് 18 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് പുറമെ 18 സ്പെഷ്യാലിറ്റികളും 17 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ട്.
2. പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് (PMSSY) കീഴിൽ സ്ഥാപിതമായ ഈ ആശുപത്രിക്ക് 750 കിടക്കകളുടെ ശേഷിയുണ്ട്, അതിൽ 64 എണ്ണം തീവ്രപരിചരണ വിഭാഗം (ICU) കിടക്കകളാണ്. 1,470 കോടി രൂപ ചെലവിൽ 247 ഏക്കറിൽ 24 മണിക്കൂറും അടിയന്തര ഡയാലിസിസ് സൗകര്യങ്ങളും ആധുനിക ഡയഗ്നോസ്റ്റിക് മെഷീനുകളുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
3. 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമാണ്. ആയുർവേദം, യോഗ & പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം എന്നിവ ഉൾപ്പെടുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) യുടെ കീഴിലുള്ള പ്രധാന സർക്കാർ പദ്ധതികളിലൊന്നാണ് ആയുഷ്.
4. ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശിലെ ഗോത്രമേഖലകളിൽ എത്താൻ ആശുപത്രി ഡിജിറ്റൽ ഹെൽത്ത് കേന്ദ്രം സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ വിദഗ്ധ ആരോഗ്യ സേവനങ്ങൾ സുഗമമാക്കുന്നതിന് ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
5. എയിംസ് ബിലാസ്പൂർ എല്ലാ വർഷവും 100 വിദ്യാർത്ഥികളെ എംബിബിഎസ് കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കും. കൂടാതെ 60 വിദ്യാർത്ഥികളെ നഴ്സിംഗ് കോഴ്സുകളിലേക്കും പ്രതിവർഷം പ്രവേശിപ്പിക്കും.
Comments