ബദരീനാഥിലെ ദർശനം ആത്മവിശ്വാസം നൽകുന്നു; വിജയദശമി ദിനത്തിലെ സൈനികർക്കൊപ്പമുള്ള ആഘോഷം ഭക്തിയും ശക്തിയും സമന്വയിച്ചതെന്ന് രാജ്‌നാഥ് സിംഗ്; അനുഗമിച്ച് കരസേനാ മേധാവിയും

Published by
ജനം വെബ്‌ഡെസ്ക്

ഡെറാഡൂൺ : സൈനികർക്കൊപ്പം വിജയദശമി ആഘോഷത്തിനായെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബദരീനാഥ് ക്ഷേത്ര ദർശനം നടത്തി. കേദാർനാഥിൽ കഴിഞ്ഞ ദിവസം ദർശനം നടത്തിയതിന് പിന്നാലെയാണ് ബദരീനാഥിലെത്തിയതെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ഔലി, മാനാ എന്നീ സൈനിക കേന്ദ്രത്തിലാണ് കേന്ദ്രമന്ത്രി മഹാനവമി ആയുധ പൂജയിലും വിജയദശമി ആഘോഷത്തിലും പങ്കുചേർന്നത് . കരസേനാ മേധാവി ലഫ്.ജനറൽ മനോജ് പാണ്ഡെയും കേന്ദ്രമന്ത്രിയ്‌ക്കൊപ്പം സൈനിക ആസ്ഥാ നത്തെ ചടങ്ങുകളിൽ പങ്കെടുത്തു.

വിജയദശമി നാളിൽ ഹിമാലയസാനുക്കളിലെ മഹാക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തീർത്ഥാടന കേന്ദ്രങ്ങളിലെ യാത്ര , ഭക്തിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനിക കേന്ദ്രങ്ങളിലെ ദസറ ആഘോഷങ്ങൾക്കായിട്ടാണ് കേന്ദ്രമന്ത്രി ഉത്തരാഖണ്ഡിൽ എത്തിയത്.

ഡെറാഡൂണിലെത്തിയ കേന്ദ്രമന്ത്രി  കേദാർനാഥിലാണ് ആദ്യം ദർശനം നടത്തിയത്. ജോളി ഗ്രാന്റ് വിമാനത്താവളത്തിലേയ്‌ക്ക്  പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തിയ രാജ്‌നാഥ് സിംഗിനേയും കരസേനാ മേധാവിയേയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടും ചേർന്നാണ് സ്വീകരിച്ചത്. മഹാനവമി നാളിൽ സൈനിക കേന്ദ്രത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ തയ്യാറാക്കി വെച്ചിരുന്ന ആയുധങ്ങളിൽ മാല ചാർത്തിയും പുഷ്പങ്ങളർപ്പിച്ചും തിലകം ചാർത്തിയും കേന്ദ്രമന്ത്രിയും കരസേനാ മേധാവിയും ആയുധ പൂജയിൽ പങ്കാളികളായി.

ഇന്ത്യയുടെ ലൈറ്റ് കോംപാക്ട് അറ്റാക്കിംഗ് ഹെലികോപ്റ്റർ പ്രചണ്ഡ് രാജ്യത്തിന് സമർപ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രി ഡെറാഡൂണിലേയ്‌ക്ക് എത്തിയത്.  രാജസ്ഥാനിലെ ജോധ്പൂരിലെ സൈനിക കേന്ദ്രത്തിലാണ് ഇന്ത്യയുടെ ഏറ്റവും പുതിയ അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ സൈന്യത്തിന് സമർപ്പിച്ചത്. ഏത് കാലാവസ്ഥയിലും  പറക്കാനും ഹിമാലയൻ മലനിരകളിലും ആഴക്കടലിലും ഒരു പോലെ അതിവേഗമെത്തി ആക്രമിക്കാനും പ്രചണ്ഡിന് സാധിക്കും. ആകാശ നിരീക്ഷണത്തിന് സാധിക്കുന്ന ഹെലികോപ്റ്ററിൽ രണ്ടുപേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. വൈമാനികന് പുറകിലിരിക്കുന്ന വ്യക്തിക്ക് തോക്കുകൾ ഉപയോഗിക്കാവുന്ന സംവിധാനമാണുള്ളത്. ഹെലികോപ്റ്ററിന്റെ ചെറിയ രൂപം പെട്ടന്നുള്ള ആക്രമണത്തിനും ഏത് ചെറിയ പ്രദേശത്ത് ഇറങ്ങാനും അനുയോജ്യമാണെന്നതും ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാണ്.

Share
Published by
ജനം വെബ്‌ഡെസ്ക്