ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. സോണിയ ഗാന്ധി വന്നതിന് പിന്നാലെ വലിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം.
‘വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകും. കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരും. ബിജെപി ഇപ്പോൾ കട പൂട്ടാനുള്ള വഴിയിലാണ്’ എന്നാണ് ഡി.കെ ശിവകുമാർ പ്രതികരിച്ചത്. ഒരു ദിവസം മുമ്പ് ദസറ പ്രാർത്ഥനകളുടെ ഭാഗമായി ബേഗൂർ ഗ്രാമത്തിലെ ഭീമൻകൊല്ലി ക്ഷേത്രത്തിലും സോണിയ ഗാന്ധി എത്തിയിരുന്നു.
സെപ്റ്റംബർ 7-ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആരംഭിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30-നാണ് കർണാടകയിൽ പ്രവേശിച്ചത്. കേരളത്തിൽ വലിയ ജനപങ്കാളിത്തം ലഭിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടായിരുന്നില്ല. ജനങ്ങൾക്കിടയിൽ നിന്നും തണുത്ത പ്രതികരണമാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് ലഭിക്കുന്നത്. കശ്മീരിൽ എത്തുമ്പോഴേയ്ക്കും യാത്ര തണുത്തുറഞ്ഞ് പോകുമെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.
Comments