ഓസ്കർ അവാർഡിൽ മത്സരിക്കാൻ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തെ ‘ഫോർ യുവർ കൺസിഡറേഷൻ’ ക്യാമ്പയിനിന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി 14 വിഭാഗങ്ങളിൽ ചിത്രം മത്സരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങളുടെ സിനിമയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഓരോരുത്തരോടും തങ്ങൾ നന്ദി ഉള്ളവരാണ്. നിങ്ങളാണ് ഈ യാത്ര സാധ്യമാക്കിയത്. പൊതുവിഭാഗത്തിൽ ഓസ്കർ പരിഗണനയ്ക്കായി ആർആർആർ അക്കാദമിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാൻ നളിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിക്കൊണ്ടാണ് പാൻ നളിൻ സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’യെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്. ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ തിരഞ്ഞെടുക്കുക എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടന്നിരുന്നത്.
550 കോടി മുതൽ മുടക്കിലിറങ്ങിയ ആർആർആർ 1150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ആർആർആർ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറത്തു നിന്നും വലിയ ജനപിന്തുണയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഹോളിവുഡ് സംവിധായകർ ഉൾപ്പെടെ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു.
Comments