ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപിയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസിന്റെ റാലി സംസ്ഥാനത്ത് ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല എന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞത്.
സ്വാഭാവികമായും എല്ലാ പാർട്ടി നേതാക്കളും സ്വന്തം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. സോണിയ ഗാന്ധി വന്നു, അവർ അര കിലോമീറ്റർ നടന്നിട്ട് പോയി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നമല്ല. കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര കൊണ്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ യാത്രയെ നേരിടാൻ ബിജെപി റാലികൾ ആസൂത്രണം ചെയ്യുന്നു എന്ന ആരോപണവും ബസവരാജ് ബൊമ്മൈ തള്ളിക്കളഞ്ഞു.
അതേസമയം, സോണിയ ഗാന്ധി യാത്രയിൽ പങ്കെടുത്തതിന് പിന്നാലെ വലിയ അവകാശവാദവുമായി കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ രംഗത്തു വന്നിരുന്നു. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം. വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകും. കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരും. ബിജെപി ഇപ്പോൾ കട പൂട്ടാനുള്ള വഴിയിലാണ് എന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു.
Comments